മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നഴ്സിംഗ് മേഖലയ്ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരള ഗവ.നഴ്സസ് അസോസിയേഷന് 65-ാമത് സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മൂവായിരത്തോളം നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു കൊച്ചിയില്‍ ഈ മാസം 21 മുതല്‍ 25 വരെ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നേതൃത്വത്തിലുള്ള ജോബ് ഫെയര്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.
രണ്ടു പുതിയ മെഡിക്കല്‍ കോളജുകളില്‍ ഉടന്‍ ക്ലാസുകള്‍ തുടങ്ങും. 60 സീറ്റുകള്‍ വീതമുള്ള രണ്ടു പുതിയ നഴ്സിംഗ് കോളജുകള്‍ പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിക്കും. സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളില്‍ പിജി കോഴ്സുകളിൽ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.