അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണം ലക്ഷ്യമിട്ട് “മൈ കൊച്ചി’ ആപ്പുമായി കൊച്ചി കോർപറേഷൻ. കേരളപ്പിറവിദിനവും കോർപറേഷൻ ദിനവുമായ ഒന്നിന് പദ്ധതിക്ക് തുടക്കമാകും. കോർപറേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരാതിപരിഹാരവും മൈ കൊച്ചി ആപ്പിലൂടെ ഏകോപിപ്പിക്കുന്നതാണ് പദ്ധതി. മേയർ എം അനിൽകുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ 61, 62, 65 ഡിവിഷനുകളിൽ നടപ്പാക്കും. പിന്നീട് മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും.
പദ്ധതി നടപ്പാക്കുന്ന ഡിവിഷനുകളിൽ മാലിന്യശേഖരണത്തിനുള്ള ഉപഭോക്തൃവിഹിതം ഒന്നുമുതൽ ആപ്പിലൂടെ നൽകാം. വ്യാപാരസ്ഥാപനങ്ങളിൽ ആദ്യം പ്രാബല്യത്തിൽവരും. ഡിസംബർ മുപ്പത്തൊന്നിനകം മുഴുവൻ ഡിവിഷനുകളും മൈ കൊച്ചി ആപ്പിന്റെ പരിധിയിലാകും. ആറുമാസത്തിനുള്ളിൽ വസ്തുനികുതി, കെട്ടിട നിർമാണാനുമതി, ജനന–മരണ സർട്ടിഫിക്കറ്റുകൾ, വ്യാപാരാവശ്യത്തിനുള്ള ലൈസൻസുകൾ, ഹോട്ടൽ ലൈസൻസ് എന്നിവയും ആപ്പിലൂടെ ലഭ്യമാകുമെന്ന് നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ അറിയിച്ചു.