Uncategorized

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം. കോന്നി കുന്നണ്ണൂർ നെടിയകാലായിൽ 55 വയസ്സുള്ള മുഹമ്മദ് ഇസ്മായിൽ ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

പുനലൂരിലേക്ക് വരികയായിരുന്ന ബസ്സും പുനലൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് ഇസ്മായിൽ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കടയ്ക്കാമൺ ഭാഗത്തെ ഇറക്കത്തിൽ വച്ച് പെട്ടെന്ന് ബസ് ബ്രേക്ക് പിടിച്ചതോടെ റോഡിൽ നിന്ന് ബസ് കറങ്ങി മുൻവശം പത്തനാപുരം ഭാഗത്തേക്ക് തിരിഞ്ഞ് മതിലിൽ ഇടിച്ചു.

ഈ സമയം ബസിന്റെ ഡ്രൈവർ തെറിച്ചു റോഡിലേക്ക് വീണതായും ദൃക്സാക്ഷികൾ പറയുന്നു. ബസ്സിൽ തന്നെ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവറുടെ കാല് കുടുങ്ങി പോയതിനാൽ വാഹനം നിയന്ത്രിക്കുന്നതിനും പ്രയാസമായി.ഇതോടെ യാത്രക്കാരനായ ഷെഫീക്കിന്റെ ഇടപെടലാണ് ബസിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത്. ഇസ്മയിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു യാത്രക്കാർക്കാർക്കും കാര്യമായ പരിക്കുകൾ ഇല്ല. 25 വർഷമായി കോന്നിയിലെ ഐഎൻടിയുസി തൊഴിലാളി യൂണിയൻ അംഗമാണ് മരിച്ച മുഹമ്മദ് ഇസ്മായിൽ. ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ മൂന്ന് മക്കളാണ് മുഹമ്മദ് ഇസ്മായിൽ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button