ഇരിട്ടി: ജനവാസ കേന്ദ്രത്തിൽ സ്ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കാനുള്ള നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു. ഇരിട്ടി മട്ടന്നൂർ റൂട്ടിൽ പുന്നാട് കുന്നിൻ കീച്ചലിൽ ജനവാസ കേന്ദ്രത്തിൽ പാറ ഖനനം നടത്താനുള്ള നീക്കമാണ് പരാതിയെ തുടർന്ന് ഇന്നലെ പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്.ലോഡ്ജും ഒട്ടനവധി വീടുകളും ഉള്ള ജനവാസ കേന്ദ്രത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മണ്ണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയിരുന്നു. ഇതിനു ശേഷം സ്ഫോടകവസ്തു ഉപയോഗിച്ച് ഈ പ്രദേശത്തെ പാറ പൊട്ടിച്ച് നീക്കാനായിരുന്നു സ്ഥലമുടമയുടെ തീരുമാനം. ഇതിനെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും സ്ഥലമുടമ സ്ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയായിരുന്നു. പ്രദേശവാസികൾ റവന്യൂ, ജില്ലാ ജിയോളജി വകുപ്പു മേധാവികളുമായി ബന്ധപ്പെട്ടപ്പോൾ ഖനനാനുമതി നൽകിയിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെ സമീപത്തെ ലോഡ്ജ് ഉടമയുടെ ബന്ധുവായ പി.വി.അബ്ദുൾ റഹ്മാൻ എന്നയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് എത്തി തടയുകയായിരുന്നു.
previous post