കണ്ണൂര്‍: പരിശോധനയ്ക്കിടെ വ്യാപക നിയമലംഘനം കണ്ടെത്തിയ നാലു ബസുകളുടെ പെര്‍മിറ്റ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. രണ്ടു ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. കണ്ണൂരിലെ സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
തിങ്കളാഴ്ച ജില്ലയില്‍ 310 ബസുകള്‍ പരിശോധിച്ചതില്‍ 147 എണ്ണത്തിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 147 ബസുകളില്‍നിന്നായി ആകെ 52500 രൂപ പിഴയീടാക്കി.
തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചതിനു 29 ബസുകള്‍ക്കും രൂപമാറ്റം വരുത്തിയതിന് നാലു ബസുകള്‍ക്കും പിഴയിട്ടു. ടാക്സടയ്ക്കാതെ നിരത്തിലോടിയ ഒരു ബസിന് നോട്ടീസ് നല്കി.
എയര്‍ഹോണ്‍ ഘടിപ്പിച്ചതിന് 17 ബസുകള്‍ക്കും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന് രണ്ട് ബസുകള്‍ക്കും പിഴയിട്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.