വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് ഇന്നലെ പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി.
ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്നാണ് ജോമോന്‍ പറയുന്നത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. വളരെക്കാലമായി താന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.
മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. 304 (എ) വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ജോമോനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.