24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിയമസഭാ കേസ്‌ : ദൃശ്യങ്ങൾ ഒരു മാസത്തിനകം കൈമാറണമെന്ന്‌ കോടതി
Kerala

നിയമസഭാ കേസ്‌ : ദൃശ്യങ്ങൾ ഒരു മാസത്തിനകം കൈമാറണമെന്ന്‌ കോടതി

നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ദൃശ്യങ്ങളും മറ്റ്‌ രേഖകളും ഒരു മാസത്തിനകം പ്രതിഭാഗത്തിന്‌ കൈമാറണമെന്ന്‌ കോടതി. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയാണ്‌ പ്രോസിക്യൂഷന്‌ നിർദേശം നൽകിയത്‌. പ്രതിഭാഗത്തിന്‌ ദൃശ്യങ്ങൾ കൈമാറാതെ കേസ്‌ നടപടികൾ മുന്നോട്ട്‌ നീക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്നാം പ്രതിയായ ഇ പി ജയരാജൻ തിങ്കളാഴ്‌ച കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചുകേട്ട അദ്ദേഹം കുറ്റം നിഷേധിച്ചു.

കേസിൽ ദൃശ്യങ്ങൾ കൈമാറണമെന്ന്‌ കഴിഞ്ഞ മാസം കേസ്‌ പരിഗണിച്ചപ്പോഴും കോടതി പ്രോസിക്യൂഷന്‌ നിർദേശം നൽകിയിരുന്നു. എന്നാൽ, ഫോറൻസിക്‌ സയൻസ്‌ ലാബിൽനിന്ന്‌ പൊലീസിന്റെ അനുമതിയോടെ മാത്രമേ ദൃശ്യങ്ങളടങ്ങിയ സിഡിയുടെ പകർപ്പ്‌ നൽകാൻ സാധിക്കൂവെന്ന്‌ പ്രോസിക്യൂഷൻ വാദിച്ചു. ഇത്‌ പരിഗണിച്ച കോടതി ഒക്ടോബർ 26ന്‌ കേസ്‌ പരിഗണിക്കുന്നതിനുമുമ്പ്‌ കോടതിയിൽ ദൃശ്യങ്ങൾ നൽകാൻ ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ ആർ രേഖ നിർദേശിക്കുകയായിരുന്നു. 21ന്‌ മുമ്പ്‌ പ്രോസിക്യൂഷൻ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കണം. ഇ പി ജയരാജനുവേണ്ടി അഡ്വ. മുരുക്കുംപുഴ വിജയകുമാർ, പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബാലചന്ദ്ര മേനോൻ എന്നിവർ ഹാജരായി.

കേസ്‌ രാഷ്ട്രീയ സൃഷ്ടി: ഇ പി
കേസ്‌ യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്ന്‌ കോടതിയിൽ ഹാജരായശേഷം ഇ പി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. നിയമസഭയെ അവഹേളിക്കുന്ന നടപടിയാണ്‌ അന്നത്തെ സർക്കാർ സൃഷ്ടിച്ചത്‌. പ്രതിഷേധിച്ച വനിതാ അംഗങ്ങളെയടക്കം ഭരണപക്ഷം ആക്രമിച്ചു. ഇതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ്‌ കേസിലേക്ക്‌ നയിച്ചത്‌. സഭാനടപടി പ്രകാരമുള്ള കാര്യങ്ങൾ പൂർത്തീകരിച്ചിട്ടും കേസിലേക്ക്‌ പോയത്‌ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും ഇ പി പറഞ്ഞു.

സഭയിലെ പ്രതിഷേധം: കേസ്‌ 13ലേക്ക്‌ മാറ്റി
ബാർ കോഴക്കേസിൽ ആരോപണവിധേയനായ ധനമന്ത്രിക്കെതിരെ നിയമസഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ്‌ റദ്ദാക്കണമെന്ന മന്ത്രി വി ശിവൻകുട്ടിയടക്കമുള്ളവരുടെ ഹർജി ഒക്ടോബർ 13ന് പരിഗണിക്കാൻ മാറ്റി. മുൻ മന്ത്രിമാരും എംഎൽഎമാരുമായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കുഞ്ഞമ്മദ് മാസ്‌റ്റർ, സി കെ സദാശിവൻ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ 13ലേക്ക് മാറ്റിയത്.
ഹർജി തീർപ്പാകുംവരെ തിരുവനന്തപുരം സിജെഎം കോടതിയിൽ നടക്കുന്ന വിചാരണനടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം നേരത്തേ തള്ളിയിരുന്നു. ആരോപണവിധേയൻ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ 2015 മാർച്ച് 13നാണ്‌ നിയമസഭയിൽ പ്രതിഷേധമുണ്ടായത്‌.

Related posts

കേരളത്തിലെ നഴ്‌സുമാരെ തേടി യുകെ സംഘം വരുന്നു

Aswathi Kottiyoor

നാളെ മൂന്ന് ലക്ഷം പരിശോധനകള്‍ അധികമായി നടത്തും;മുഖ്യമന്ത്രി പിണറായി വിജയന്‍.

Aswathi Kottiyoor

രാജ്യത്തെ റബർ തോട്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ………..

Aswathi Kottiyoor
WordPress Image Lightbox