കണ്ണൂർ: ഹാർബർ സുരക്ഷയുമായി ബന്ധപ്പെട്ട് അഴീക്കൽ ഹാർബറിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഹാർബറിൽ മോഷണവും മദ്യപാനവും മറ്റ് അനാശ്യാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന കേരള ഫിഷ് മർഷന്റ് അസോസിയേഷൻ ഭാരവാഹികളുടെയും മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് അഴീക്കൽ ഹാർബറിലെ വിവിധയിടങ്ങളിൽ എട്ട് കാമറകൾ സ്ഥാപിച്ചത്. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അഴീക്കൽ തീരദേശ പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹാർബർ സുരക്ഷാ സമിതി യോഗമാണ് കാമറകൾ സ്ഥാപിക്കാൻ മുൻകൈയ്യെടുത്തത്. ഇതിനായി 2,20,000 രൂപ സ്വരൂപിച്ചിരുന്നു. സിസിടിവി കാമറകൾ അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്നും നിരീക്ഷിക്കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ മുഖ്യാതിഥിയായി. കോസ്റ്റൽ പോലീസ് എസ്എച്ച്ഒ എം. മധുസൂദനൻ അധ്യക്ഷനായി. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി, ഹാർബർ എൻജിനിയർ സുനിൽകുമാർ, എസ്സിപി ഒ.കെ. അനിൽ എന്നിവർ പ്രസംഗിച്ചു.
previous post