നവകേരളീയം കുടിശിക നിവാരണം സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റി എട്ട് ജില്ലകളിലെ 35 അപേക്ഷകൾ പരിഗണിച്ച് 1.75 കോടിയുടെ വായ്പാ ഇളവ് നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. 29 സഹകരണ സംഘങ്ങളാണ് അപേക്ഷകൾ നൽകിയിരുന്നത്.
വിവിധ കാരണങ്ങളാൽ സാന്പത്തിക പ്രതിസന്ധി നേരിടുകയും വായ്പാ തിരിച്ചടവിനു വഴിയില്ലാതെ വരികയും ചെയ്തവരുടെ വായ്പകൾക്കാണ് ഇളവ് നൽകുന്നത്. വായ്പാക്കാരായ മാതാപിതാക്കൾ മരണപ്പെടുകയും ബാധ്യത പ്രായപൂർത്തിയാകാത്ത മക്കളുടെ ചുമതലയിലാകുകയും ചെയ്ത വായ്പകളും ഗുരുതരമായ രോഗമോ അപകടമോ സംഭവിച്ച് പൂർണമായും കിടപ്പിലാകുകയും ചെയ്തവരുടെയ വായ്പകളും അപേക്ഷകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്.
1,75,16,333.50 രൂപയുടെ ഇളവാണ് ഈ വർഷം ഏപ്രിൽ ഒന്നും മുതൽ സെപ്റ്റംബർ 19 വരെ ലഭ്യമായ അപേക്ഷകളിൽ നൽകിയിട്ടുള്ളത്. സഹകരണ മന്ത്രി, സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ, അഡീഷണൽ രജിസ്ട്രാർ ( ക്രെഡിറ്റ് ) എന്നിവരടങ്ങിയ സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇളവുകൾ നൽകിയത്