25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഇന്ന് അത്തം, മലയാളികൾ ഓണത്തിരക്കിലേക്ക്;
Kerala

ഇന്ന് അത്തം, മലയാളികൾ ഓണത്തിരക്കിലേക്ക്;

ഇന്ന് അത്തം. പത്താം നാൾ തിരുവോണം. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് നാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്. ആളുകൾ ഓണം ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങുന്നത് ഈ ദിവസം മുതലാണ്. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിക്കുന്നു.

അത്തം പൂക്കളം ഇടാനായി മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു. പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു. ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ. എല്ലാ ദിനവും പുതിയ പൂക്കൾ മാത്രമേ പൂക്കളം ഉണ്ടാക്കാൻ ഉപയോഗിക്കാവൂ. പിന്നീട് ഓരോ ദിനവും കഴിയുമ്പോൾ പൂക്കളത്തിന്റെ വലിപ്പം കൂടി വരുന്നു.

ആദ്യ ദിനം തുമ്പ പൂവിന്റെ ഒരു നിരയെ ഉണ്ടാവാൻ പാടുള്ളൂ. രണ്ടാമത്തെ ദിവസം രണ്ടു നിരയും രണ്ടു തരം പൂക്കളും ഉപയോഗിക്കാം. മൂന്നാം ദിനം മൂന്നു നിരയും മൂന്ന് തരം പൂക്കളും ഉപയോഗിക്കുന്നു. ചോതി നാളിൽ ഇടുന്ന പൂക്കളം മുതലേ ചുവന്ന പൂക്കളും ചെമ്പരത്തിയും ഉപയോഗിക്കൂ. ഉത്രാടത്തിന് പൂക്കളം പരമാവധി വലുപ്പത്തിൽ ഇടുകയും മൂലം നാളിൽ പൂക്കളം ചതുരാകൃതിയിലും ആയിരിക്കണം. ചിലയിടങ്ങളിൽ ഓരോ ദിനം ഓരോ നിറത്തിലുള്ള പൂക്കളിൽ തുടങ്ങി പത്താം നാൾ പത്ത് നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സര ആഘോഷത്തിനായി കാത്തിരിക്കുന്നത് പോലെയാണ് മലയാളികൾ ഓണം ആഘോഷത്തിന് വേണ്ടി തയ്യാറെടുക്കുന്നത്. ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തി്ൻ കൊടിയേറുന്നതും അത്തം ദിവസത്തിലാണ്.

തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ പതാക ഉയരുന്നതോടെയാണ് വർണാഭമായ അത്തച്ചമയ ഘോഷയാത്രയ്‌ക്ക് തുടക്കമാകുന്നത്. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും. നിശ്ചലദൃശ്യങ്ങളും, പാട്ടും മേളവും കൊണ്ട് ആഘോഷ പൂർണ്ണമായിട്ടാണ് അത്തച്ചമയ ഘോഷയാത്ര നടത്തുന്നത്.

അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ പ്രധാന്യമുള്ള ഐതിഹ്യമുള്ളതായി പറയപ്പെടുന്നു. അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന്‌ എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത്. എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ, അവരുടെ സങ്കട നിവർത്തിക്കായി, വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു.

Related posts

വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കാർഷികമേഖലയ്ക്ക് സൗ​രോ​ർ​ജം

Aswathi Kottiyoor

വിമാനക്കൊള്ള ; ഗൾഫ്‌ കേരള വിമാനനിരക്കിൽ നാലിരട്ടി വർധന

Aswathi Kottiyoor
WordPress Image Lightbox