23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • വിനയായി കേന്ദ്രനയം ; അധ്യാപകരും ജീവനക്കാരും 
ഇല്ലാതെ കേന്ദ്രീയ വിദ്യാലയങ്ങൾ
Kerala

വിനയായി കേന്ദ്രനയം ; അധ്യാപകരും ജീവനക്കാരും 
ഇല്ലാതെ കേന്ദ്രീയ വിദ്യാലയങ്ങൾ

തസ്‌തികറദ്ദാക്കലും കരാർനിയമനവും വ്യാപകമായതോടെ ആവശ്യത്തിന്‌ അധ്യാപകരും ജീവനക്കാരും ഇല്ലാതെ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയ സ്‌കൂളുകൾ. വർഷംതോറും വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടും ഒഴിവുള്ള അധ്യാപക തസ്‌തികകളിൽ നിയമനമില്ല. കരാർനിയമനങ്ങൾ വ്യാപകമാക്കിയതോടെ പഠനനിലവാരം ഇടിയാതെ നിലനിർത്താനുള്ള കടുത്ത സമ്മർദത്തിലാണ്‌ അധ്യാപകർ.

രാജ്യത്താകെയുള്ള 1242 കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ പതിനയ്യായിരത്തിലേറെ ഒഴിവുണ്ടെന്നാണ്‌ 2020–-21ലെ വാർഷികറിപ്പോർട്ട്‌. 254 സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരും 117ൽ വൈസ്‌ പ്രിൻസിപ്പൽമാരും ഇല്ല. കേരളത്തിൽമാത്രം 699 അധ്യാപക ഒഴിവുണ്ട്‌. കർണാടകത്തിലും തമിഴ്‌നാട്ടിലും ഒഴിവ്‌ ആയിരത്തിനുമുകളിലാണ്‌. മുൻവർഷത്തെ കണക്കുപ്രകാരം സംസ്ഥാനത്ത്‌ 255 അധ്യാപകരെയാണ്‌ കരാർവ്യവസ്ഥയിൽ നിയമിച്ചത്‌. ഈവർഷം 678 കരാർ അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നാണ്‌ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി കഴിഞ്ഞദിവസം ലോക്‌സഭയിൽ പറഞ്ഞത്‌. രാജ്യത്താകെ 11,121 കരാർ അധ്യാപകരാണ്‌ കേന്ദ്രീയ വിദ്യാലയയിലുള്ളത്‌.

വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച്‌ 13 ശതമാനം വർധിച്ചു. 13.8 ലക്ഷം വിദ്യാർഥികളാണുള്ളത്‌. കേരളത്തിൽ 38 സ്‌കൂളിലായി 55,376 വിദ്യാർഥികൾ. അധ്യാപകർ 1766 പേരും. കേരളത്തിലെ അധ്യാപക–-വിദ്യാർഥി അനുപാതം 31:1 ആണ്‌. ദേശീയതലത്തിൽ 29:1ഉം.
ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ കരാർനിയമനവും തസ്‌തിക ഒഴിച്ചിടലും വ്യാപകമായതെന്ന്‌ എറണാകുളം റീജണിലെ ഒരു പ്രധാനാധ്യാപകൻ പറഞ്ഞു. അവസാനബാച്ചിൽ നിയമിതരായ അധ്യാപകർ വിരമിച്ചശേഷം പുതിയ നിയമനമില്ല. താൽക്കാലിക നിയമനം പഠനനിലവാരത്തെ ബാധിക്കുമെന്നതിനാൽ സ്ഥിരം അധ്യാപകർ കടുത്ത സമ്മർദത്തിലാണ്‌. അധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണക്കുറവ്‌ പ്രൊമോഷനെയും സ്ഥലംമാറ്റത്തെയും ബാധിക്കുന്നു. അനധ്യാപക തസ്‌തികകളും പകുതിയിലേറെ ഒഴിഞ്ഞുകിടക്കുന്നു. പലതും റദ്ദാക്കിയെന്നാണ്‌ വിവരം. ഇതുമൂലം പലയിടത്തും സ്ഥിരം അധ്യാപകർക്ക്‌ അനധ്യാപക ജീവനക്കാരുടെ ചുമതലകളും നിർവഹിക്കേണ്ടിവരുന്നു.

Related posts

അർബുദത്തെ തോൽപ്പിച്ച് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തി ഒരു പൊലീസ് നായ

Aswathi Kottiyoor

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ് 170 അറസ്റ്റ് 368 പേര്‍ കരുതല്‍ തടങ്കലില്‍

Aswathi Kottiyoor
WordPress Image Lightbox