Uncategorized

വനിതാ സംവരണ ഭേദഗതി ബിൽ പാസാകാൻ വേണ്ടത് 67 അധിക വോട്ടുകൾ; ലോക്സഭയിൽ വിയർക്കുമോ എൻഡിഎ?

ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന് കീഴിൽ 2023ലെ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ ഇന്ന് വോട്ടിങ്ങിന് എത്തുമ്പോൾ ഏറെ നിർണായകമായ മൂന്നിലൊന്ന് ഭൂരിപക്ഷം അവർക്ക് നേടാനാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഡിഎ നടത്തുന്ന ചരടുവലികൾക്ക് ഈ ബിൽ എങ്ങനെ സഹായകമാകുമെന്നും പരിശോധിക്കാം..

കണക്കുകളിലെ വെല്ലുവിളി

എൻഡിഎ സർക്കാർ കൊണ്ടുവരുന്ന 2023ലെ വനിതാ സംവരണ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ പാസാകണമെങ്കിൽ 360 വോട്ടുകളാണ് അനുകൂലമായി ലഭിക്കേണ്ടത്. ആകെയുള്ള 540 സീറ്റുകളിൽ നിലവിൽ 293 എംപിമാരാണ് എൻഡിഎയുടെ ഭാഗമായി ലോക്‌സഭയിലുള്ളത്. നിലവിൽ പ്രതിപക്ഷത്ത് നിന്നും 67 വോട്ടുകൾ കൂടി അധികമായി ലഭിച്ചാൽ മാത്രമേ ബിൽ ലോക്‌സഭയിൽ നിന്ന് പാസായി കിട്ടുകയുള്ളൂ. വ്യാഴാഴ്ച ആരംഭിച്ച ചർച്ചയിൽ നടന്ന പ്രാരംഭഘട്ട പ്രിലിമിനറി വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ചത് 251 പേരും എതിർത്തത് 185 പേരുമാണ്. അതായത് എൻഡിഎയ്ക്ക് ബിൽ പാസാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് വ്യക്തം.

പ്രതിപക്ഷത്തിൻ്റെ നിലപാടെന്ത്?

എന്ത് അടിസ്ഥാനത്തിലാണ് സീറ്റുകളുടെ എണ്ണം 850 ആക്കുന്നതെന്നാണ് പ്രതിപക്ഷം സഭയിൽ ഉയർത്തുന്ന പ്രധാന ചോദ്യം? നിലവിലുള്ള 543 സീറ്റുകളിൽ തന്നെ 33 ശതമാനം വനിതാ സംവരണം വേണമെന്നാണ് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ ആവശ്യം ഉയർത്തിയത്. നിലവിലുള്ള നിയമം അനുസരിച്ച് തന്നെ മണ്ഡല പുനർനിർണയം നടത്തണമെന്നും, സ്ത്രീകളെ കവചമാക്കി മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കങ്ങളാണ്

സ്ത്രീ സംവരണത്തിൻ്റെ പശ്ചാത്തലത്തിൽ ഡീ ലിമിറ്റേഷൻ ബിൽ (മണ്ഡല പുനർനിർണയ ബിൽ) കൊണ്ടുവരുന്നതിലൂടെ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് എൻഡിഎ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലേ?

ബിൽ പാസാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ കേന്ദ്ര സർക്കാർ ഒരു സർവകക്ഷി യോഗം വിളിക്കുമായിരുന്നു എന്നാണ് കോൺഗ്രസ് എംപി ഉജ്ജ്വൽ രാമൻ സിങ് ചൂണ്ടിക്കാട്ടുന്നത്. എൻഡിഎ സർക്കാർ ബിൽ പാസാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് അതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

“ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരുന്നെങ്കിൽ പ്രതിപക്ഷ പാർട്ടികളുമായി അവർ സംസാരിക്കുകയും, കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം തേടുകയും, തുടർന്ന് ബിൽ പാസാക്കുകയും ചെയ്യുമായിരുന്നു. ഇന്നലെ പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനോട് ഒരു പ്രധാന ചോദ്യം ചോദിക്കുകയുണ്ടായി.. നിങ്ങൾക്ക് വേണമെങ്കിൽ എല്ലാ ക്രെഡിറ്റും ഏറ്റെടുക്കാം, പക്ഷേ 543ൽ 33% സംവരണം നൽകുന്നതിൽ എന്താണ് പ്രശ്നം? അതേ സംശയമാണ് എനിക്കുമുള്ളത്,” ഉജ്ജ്വൽ രാമൻ സിങ് പാർലമെൻ്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചോ?

പ്രധാനമന്ത്രി സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്ന് കോൺഗ്രസ് എംപി മല്ലു രവിയും പറയുന്നു. “പ്രധാനമന്ത്രി സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണ്. ബിൽ പാസാക്കുന്നതിൽ കോൺഗ്രസ് പാർട്ടി വളരെ ഗൗരവം കാണിക്കാറുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. അവർ അതിനെ മണ്ഡല പുനർ നിർണയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ബില്ലിനെ എതിർക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് എല്ലാ പാർട്ടികളുടേയും യോഗം വിളിക്കാൻ ഞങ്ങൾ അഭ്യർഥിച്ചു. പക്ഷേ അവർ അത് വിളിക്കുന്നില്ല. ആരെങ്കിലും അതിനെ എതിർത്താൽ അവർക്ക് പിഴ നൽകേണ്ടി വരുമെന്നും അവരുടെ സീറ്റുകൾ നഷ്ടപ്പെടുമെന്നും അവർ പറയുന്നു,” മല്ലു രവി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന് ഒരു സംശയവും വേണ്ടെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി

പ്രതിപക്ഷത്തിന് ഒരു സംശയവും വേണ്ടെന്നും എല്ലാം പ്രധാനമന്ത്രി ഇന്നലെ സഭയിൽ വിശദീകരിച്ചെന്നും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി പ്രതികരിച്ചു. വനിതാ സംവരണ ബിൽ ഇന്ന് തീർച്ചയായും പാസാക്കുമെന്നും കേന്ദ്രമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

“വനിതാ സംവരണ ഭേദഗതിയെ ചൊല്ലി ഇന്നലെ വളരെ അർത്ഥവത്തായ ചർച്ച ലോക്സഭയിൽ നടന്നു. എല്ലാ അംഗങ്ങളും അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. പ്രതിപക്ഷത്തിന് എന്തെങ്കിലും സംശയം തോന്നിയിടത്തെല്ലാം, ഒരു സംശയവും ഉണ്ടാകേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി വളരെ വ്യക്തമായി പറഞ്ഞു. ആഭ്യന്തര മന്ത്രി അത് ശതമാനക്കണക്കിലും വിശദീകരിച്ചു. ഇനി ഒരു സംശയവും വേണ്ട, വനിതാ സംവരണ ബിൽ ഇന്ന് തീർച്ചയായും പാസാക്കും,” അന്നപൂർണ ദേവി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button