Uncategorized

കേന്ദ്രം കൊണ്ടുവന്ന മോട്ടോർ വാഹന നിയമം വി ഡി സതീശൻ എങ്ങനെ മാറ്റും; പ്രതിപക്ഷ നേതാവിനോട് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: വാഹനം മോഡിഫെെ ചെയ്യാൻ അനുവദിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാഗ്ദാനത്തിന് മറുപടി നല്‍കി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്രം കൊണ്ടുവന്ന മോട്ടോര്‍ വാഹന നിയമം വി ഡി സതീശന്‍ എങ്ങനെ മാറ്റുമെന്ന് ഗണേഷ് ചോദിച്ചു. മോഡിഫിക്കേഷനും തെരഞ്ഞെടുപ്പും തമ്മില്‍ എന്താണ് ബന്ധമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

വാഹനങ്ങളില്‍ അധിക ലൈറ്റുകള്‍ വെക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ശക്തമായ വിധിയുണ്ടെന്നും വണ്ടിയില്‍ ഒരു അധിക ലൈറ്റ് വെച്ചാല്‍ 5000 രൂപ പിഴ അടക്കണമെന്നത് ഹൈക്കോടതി നിര്‍ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച കൂടുമ്പോള്‍ കോടതി ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോടതി വിധിയെ മറികടന്നുകൊണ്ട് എങ്ങനെയാണ് പ്രകടനപത്രികയില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

വാഹനത്തിന്റെ ഘടനയെ ബാധിക്കാത്ത മാറ്റങ്ങള്‍ വരുത്തുന്നതിനോട് സര്‍ക്കാര്‍ എതിരല്ല. അപകടകരമല്ലാത്ത മാറ്റങ്ങള്‍ അനുവദിക്കണമെന്ന് ഞാന്‍ നേരത്തെ തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. വലിയ ശബ്ദമുണ്ടാക്കുന്ന സൈലന്‍സറുകളും കോടതി വിലക്കിയ ലൈറ്റുകളും ഒരു കാരണവശാലും അനുവദിക്കില്ല. ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന’, കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

വാഹനങ്ങളില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ നടത്തുന്നത് തെറ്റില്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അതിന് അനുമതി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രകടനപത്രികയില്‍ അത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിലാണ് ഗണേഷ് കുമാറിന്റെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button