പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പേരാവൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും കേന്ദ്രീകരിച്ച് നടന്ന പരിസര ശുചീകരണത്തിന്റെയും വൃക്ഷത്തൈ നടീൽ ഉത്സവത്തിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ ശ്രീധരൻ നിർവഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നൂറുദ്ദീൻ മുള്ളിയിരിക്കൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടകയും അധ്യക്ഷനും യോഗത്തിൽ വിശദമായി സംസാരിച്ചു. മികച്ച രീതിയിലുള്ള മാലിന്യ പരിപാലനം ഓരോ വ്യക്തിയുടെയും കടമയാണെന്നും അവർ ഓർമ്മിപ്പിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ബ്ലോക്ക് ശുചിത്വ ഓഫീസർ ശ്രീമതി ഷീല പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ പവിത്രൻ ഗുരുക്കൾ ഔഷധസസ്യങ്ങളുടെയും വൃക്ഷത്തൈകളുടെയും വച്ചുപിടിപ്പിക്കലിനെക്കുറിച്ചും അവയുടെ പരിപാലനത്തെക്കുറിച്ചും ബോധവൽക്കരണ പ്രഭാഷണം നടത്തി.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ജനപ്രതിനിധി ശ്രീമതി ദീപ ഗിരീഷ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഓഫീസ് പരിസരത്ത് മാവ്, ആര്യവേപ്പ്, തെങ്ങിൻ തൈ, റമ്പൂട്ടാൻ തുടങ്ങിയ വിവിധയിനം ഫലവൃക്ഷ-ഔഷധ തൈകൾ നട്ടുപിടിപ്പിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.




