തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം ഇന്നു തുറന്നേക്കും. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ജലനിരപ്പ് 2382.52 അടിയായി. അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി നടത്തുന്നു. ഇടുക്കിയിൽ വെള്ളം തുറന്നുവിട്ടാൽ ആലുവയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും.
മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറക്കുകയും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നതിനാൽ ചെറുതോണിയിൽ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു.