അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക.ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം തന്നെ തമിഴ്നാട് അറിയിച്ചിരുന്നു. പരമാവധി ജലം കൊണ്ടു പോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തെ അറിയിക്കണമെന്നും തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2018-ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് കേരളം ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍വരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.