ശക്തമായ മഴയിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ കുടുംബാഗംങ്ങൾക്കും വീടും, കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളെയും നഷ്ടപ്പെട്ട മലയോര മേഖലയിലെ മുഴുവൻ ജനങ്ങളുടെയും നഷ്ടം കണക്കാക്കി അടിയന്തര സഹായം എത്തിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് -എം ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന പേരാവൂരിലെ അഗതിമന്ദിരമായ കൃപാഭവന് ഉണ്ടായ നാശനഷ്ടത്തിനും പ്രത്യേക സഹായം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളും, മരണപ്പെട്ടവരുടെ ഭവനങ്ങളും ഇന്നലെ ജില്ലാ നേതാക്കൾ സന്ദർശിച്ചു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, നേതാക്കളായ മാത്യു കുന്നപ്പള്ളി, തോമസ് മാലത്ത്, വിപിൻ തോമസ്, എ. കെ രാജു, ജോസ് മാപ്പിളപറമ്പിൽ, ബ്രിട്ടോ ജോസ്, കെ. ടി ജോസഫ്, പി. എ കുര്യൻ, ജോഷി മഞ്ഞപ്പള്ളി, സന്തോഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.