പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ബിസിസിഐ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ വെബ്‌സൈറ്റില്‍ ട്വന്റി20 ക്കുള്ള സ്‌ക്വാഡില്‍ സഞ്ജുവും ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് ബാധിതനായ കെ.എല്‍.രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് സൂചന. രാഹുലിന്റെ പേര് ലിസ്റ്റിലില്ല.
ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഉണ്ടായിരുന്നെങ്കിലും ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പ ഇന്ത്യ 3-0-ന് തൂത്തുവാരിയിരുന്നു. മൂന്ന് മത്സരത്തിലും സഞ്ജുവിന് കളിക്കാനായിരുന്നു.
ഏകദിനങ്ങളില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവര്‍ ട്വന്റി 20 പരമ്പരയ്ക്കുണ്ട്. അഞ്ചു മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. സഞ്ജുവിനെ കൂടാത് പന്തും ദിനേഷ് കാര്‍ത്തികും വിക്കറ്റ് കീപ്പര്‍മാരായുണ്ട്. അതുകൊണ്ട് തന്നെ ആദ്യ ഇലവനില്‍ സഞ്ജുവിന് ഇടംകിട്ടുമോ എന്നത് കണ്ടറിയണം.
ഏഷ്യാകപ്പിന്റെ ഫൈനലില്‍ എത്തുകയാണെങ്കില്‍ ലോകകപ്പിന് മുമ്പ് 16 ട്വന്റി 20-കളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതില്‍നിന്ന് ലോകകപ്പ് ടീമിനെ രൂപപ്പെടുത്തുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും ദൗത്യം. ഫോം നഷ്ടപ്പെട്ട മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശ്രമത്തിലാണ്. കോലിക്ക് ടീമില്‍ തിരിച്ചെത്താനാവുമോ എന്നകാര്യം വിന്‍ഡീസില്‍ യുവതാരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ദീപക്ഹൂഡ കോലിയുടെ സ്ഥാനത്തിന് ഭീഷണിയാണ്.