കേളകം: സർക്കാർ മലയോര ജനതയോടൊപ്പമാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ബഫർ സോൺ വിഷയത്തിൽ ഒളിച്ചുകളി നടത്തുകയും ചെയ്യുകയാണെന്ന് കിഫ. 2019 ലെ മന്ത്രിസഭാ തീരുമാനം തിരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ തിരുത്തൽ വരുത്താമെന്ന നിർദേശം മാത്രമാണ് ഉണ്ടായത്. 2019-ലെ മന്ത്രിസഭാ തീരുമാനം തിരുത്തിയില്ലെങ്കിൽ സുപ്രീം കോടതിയിൽ ബഫർ സോൺ ഹർജി നിലനിൽക്കില്ലെന്ന് വിദഗ്ധ ഉപദേശം ലഭിച്ചിട്ടും സർക്കാർ കാണിക്കുന്ന ഈ കുറ്റകരമായ അനാസ്ഥയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് കിഫ നേതാക്കൾ പറഞ്ഞു. കൂടാതെ തുടർനടപടികൾക്കായി വനം വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇനിയും മലയോരജനതയോട് വഞ്ചനാമനോഭാവമാണ് തുടരുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും കിഫ ജില്ലാ ഭാരവാഹികളായ ജിജി മുക്കാട്ടുകാവുങ്കൽ, എം.ജെ. റോബിൻ, പ്രിൻസ് ദേവസ്യ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു