24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക്‌ ചുരുക്കാൻ ശ്രമം: മുഖ്യമന്ത്രി
Kerala

സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക്‌ ചുരുക്കാൻ ശ്രമം: മുഖ്യമന്ത്രി

സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക്‌ ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സംസ്‌കാരങ്ങളും നിലനിന്നത്‌ അതിന്റെ ബഹുമുഖ സ്വഭാവംകൊണ്ടാണ്‌. ഇത്‌ മനസ്സിൽവച്ചാകണം സാംസ്‌കാരികരംഗത്തെ കർത്തവ്യങ്ങൾ ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടന തിടമ്പ്‌ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തിലെ ഏറ്റവും ജനകീയ കവികളിൽ ഒരാളായ ഒ എൻ വിയുടെ പേരിലുള്ള പുരസ്‌കാരം ഈ തലമുറയിലെ ജനകീയ കവി വി മധുസൂദനൻനായരിൽ എത്തിച്ചേരുന്നതിൽ പ്രത്യേക ഔചിത്യമുണ്ട്‌. രോഗാതുരമായ സമൂഹത്തെ നവീകരിക്കുന്നതിൽ പങ്കുവഹിച്ച മന്നത്ത്‌ പത്മനാഭന്റെ പേരിലുള്ള പുരസ്‌കാരം രോഗാതുരരായ നിരവധി ആളുകളെ ജീവിതത്തിലേക്ക്‌ നയിച്ച എം എസ്‌ വല്യത്താനാണ്‌ നൽകുന്നത്‌. പൈതൃകങ്ങളെ ഉപാസിക്കുന്ന കവിയായാണ്‌ മധുസൂദനൻനായരെ കേരള സമൂഹം വിലയിരുത്തുക. എന്നാൽ, അത്‌ കേവലം ഏകതാനമായ ഒന്നിലേക്ക്‌ ചുരുങ്ങുന്നില്ല. പൈതൃകങ്ങളെ ആദർശവൽക്കരിക്കാതെ ചരിത്രവൽക്കരിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.

മന്നത്തിന്റെ നിലപാടുകളോട്‌ യോജിപ്പും വിയോജിപ്പുമുണ്ട്‌. വിമോചന സമരകാലത്ത്‌ അദ്ദേഹം സ്വീകരിച്ച നിലപാടിനോട്‌ യോജിപ്പില്ല. എന്നാൽ, ആധുനിക കേരളത്തിന്റെ നിർമിതിയിൽ അദ്ദേഹം വഹിച്ച പങ്ക്‌ ആർക്കും നിഷേധിക്കാനാകില്ല. ആരോഗ്യരംഗത്തുണ്ടായ മുന്നേറ്റങ്ങൾക്ക്‌ വല്യത്താൻ നൽകിയ പങ്ക്‌ വളരെ വലുതാണ്‌. തദ്ദേശീയമായി ഹൃദയവാൽവുകൾ വികസിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഒ എൻ വി പുരസ്‌കാരം കവി വി മധുസൂദനൻനായരും മന്നത്ത്‌ പത്മനാഭൻ സ്‌മാരക കീർത്തിമുദ്ര പുരസ്‌കാരം ഡോ. എം എസ്‌ വല്യത്താനുവേണ്ടി നൂറനാട്‌ രാമചന്ദ്രനും മുഖ്യമന്ത്രിയിൽനിന്ന്‌ ഏറ്റുവാങ്ങി. ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ അനന്തഗോപൻ, ഷാജി എൻ കരുൺ, ജി സുന്ദരേശൻ, ജി ബസന്ത്‌ കുമാർ, ജി ഉണ്ണിക്കൃഷ്‌ണൻനായർ, സുമേഷ്‌ കൃഷ്‌ണൻ, ആർ ഷാജി ശർമ, അനു നാരായണൻ എന്നിവർ സംസാരിച്ചു.

Related posts

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ശൈ​ശ​വ വി​വാ​ഹം: ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി ശി​ശു​ക്ഷേ​മ സ​മി​തി

Aswathi Kottiyoor

ദക്ഷിണേന്ത്യയില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് ട്രെയിന്‍

Aswathi Kottiyoor

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox