27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാനരവസൂരി ;ജില്ലയിലും മുൻകരുതൽ
Kerala

വാനരവസൂരി ;ജില്ലയിലും മുൻകരുതൽ

വാനരവസൂരിയെന്ന സംശയത്തെ തുടർന്ന്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ യുവാവിനെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതോടെ ജില്ലയിലും മുൻകരുതൽ. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തി. വാനരവസൂരി ലക്ഷണങ്ങളുള്ളവർ സ്വമേധയാ ചികിത്സയ്‌ക്ക്‌ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ട്‌ ബോധവൽക്കരണവും നടത്തുന്നുണ്ട്‌.
നാല്‌ ദിവസം മുമ്പ്‌ മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ്‌ വാനരവസൂരിയെന്ന സംശയത്തെ തുടർന്ന്‌ നിരീക്ഷണത്തിലാക്കിയത്‌. ദുബായിൽനിന്നെത്തിയ യുവാവിന്‌ ലക്ഷണങ്ങൾ കണ്ടതോടെ സ്വമേധയാ പരിശോധനയ്‌ക്ക്‌ എത്തുകയായിരുന്നു. പരിശോധനയ്‌ക്കായി സ്രവം പുണെയിലെ വൈറോളജി ലാബിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഫലം തിങ്കളാഴ്‌ച വൈകിട്ടോടെ ലഭിക്കും.
വാനരവസൂരി റിപ്പോർട്ട്‌ ചെയ്‌ത രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനാണ്‌ കണ്ണൂർ വിമാനത്താവളത്തിൽ ക്രമീകരണം ഏർപ്പെടുത്തിയത്‌. മറ്റു ലക്ഷണമുള്ളവരും സ്വമേധയാ പരിശോധനയ്‌ക്ക്‌ മുന്നോട്ടുവരണമെന്നും ആരോഗ്യ വകുപ്പ്‌ അധികൃതർ പറഞ്ഞു.
ഞായറാഴ്‌ച മുതലാണ്‌ വിമാനത്താവളത്തിൽ മൂന്ന്‌ കൗണ്ടർ പരിശോധനയ്‌ക്കായി ആരംഭിച്ചത്‌. ബോധവൽക്കരണ ബോർഡ്‌, അനൗൺസ്‌മെന്റ് എന്നിവയുമുണ്ട്‌. ഇതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌.
രോഗമുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്‌ പുറമെ ജില്ലാ ആശുപത്രിയിലും സൗകര്യമൊരുക്കും. ഇവരെ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസും തയ്യാറാക്കിയിട്ടുണ്ട്‌.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ്‌ എന്നിവയാണ്‌ വാനര വസൂരിയുടെ പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന്‌ മൂന്ന്‌ ദിവസത്തിനുള്ളിൽ ദേഹത്ത്‌ കുമിള പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ്‌ കൂടുതൽ ഇത്‌ കാണപ്പെടുന്നത്‌. ജനനേന്ദ്രിയം, നേത്രാവരണം, കോർണിയ എന്നിവിടങ്ങളിലും ഇവ കാണും. ശരീരസ്രവം, ശ്വസനതുള്ളി, കിടക്ക പോലുള്ള വസ്‌തുക്കൾ എന്നിവയിലൂടെ മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗം പകരാം.
വന്യമൃഗങ്ങളുമായോ അവയുടെ മൃതശരീരവുമായോ സുരക്ഷിതമല്ലാത്ത സമ്പർക്കം കർശനമായി ഒഴിവാക്കണം. മൃഗങ്ങളുടെ മാംസം കഴിക്കും മുമ്പ്‌ നന്നായി വേവിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പാക്കണം.

Related posts

വാണിയപ്പാറ തട്ട് പള്ളിയിൽ തീപിടുത്തം

Aswathi Kottiyoor

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം 13ന്

Aswathi Kottiyoor

സിൽവർ ലൈനിനെതിരായ പരാതി അബദ്ധപഞ്ചാംഗം

Aswathi Kottiyoor
WordPress Image Lightbox