ഇരിട്ടിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി തമിഴ്നാട്ടിൽ പിടിയിൽ; ആറര പവനോളം സ്വർണം കണ്ടെടുത്തു

ഇരിട്ടി: പടിയൂർ പെരുവംപറമ്പിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ സഞ്ജയ് (20) ആണ് ഇരിട്ടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പടിയൂർ പെരുവംപറമ്പിലെ അശ്വതി വീട്ടിൽ രൂപ രമേഷ്, തൊട്ടടുത്തുള്ള ശ്രീവത്സൻ വീട്ടിൽ കെ.ടി. ബിന്ദു എന്നിവരുടെ വീടുകളുടെ കതകുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. രൂപ രമേഷിന്റെ വീട്ടിൽ നിന്നും ആറര പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. വിവരം അറിഞ്ഞ ഉടൻ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
തമിഴ്നാട്ടിൽ വെച്ച് സാഹസിക അറസ്റ്റ്
മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ തേടി തമിഴ്നാട്ടിലെത്തിയ പോലീസ് സംഘം, തേനി ടൗണിൽ വെച്ച് ആൾട്ടോ കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ വാഹനം ചേസ് ചെയ്ത് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയുടെ കൈയിൽ നിന്നും മോഷ്‌ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സഞ്ജയെന്ന് പോലീസ് വ്യക്തമാക്കി.
പഴയ സാധനങ്ങൾ വാങ്ങുന്ന വ്യാജേന നിരീക്ഷണം
വീടുകൾ തോറും പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേനെയെത്തി, ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സഞ്ജയിയോടൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയ ബാബുവിന്റെ നിർദ്ദേശപ്രകാരം, ഇരിട്ടി എസ്.ഐ. കെ.പി. അനീഷ്, എ.എസ്.ഐ. പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിത്ത്, എസ്.പി. സ്ക്വാഡ് അംഗങ്ങളായ ഷിജോയ്, ജയദേവൻ, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




