കാണാതായ കൗമാരക്കാരന്റെ മൃതദേഹം നദിയിൽ; പെൺസുഹൃത്തിൻ്റെ ബന്ധുക്കൾ കൊലപ്പെടുത്തിയതെന്ന് കുടുംബം

ദിയോറിയ- നവംബർ 14 മുതൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം ഉത്തർപ്രദേശിലെ ഛോട്ടി ഗണ്ഡക് നദിയിൽ നിന്ന് ബുധനാഴ്ച കണ്ടെത്തി. ദിയോറിയ ജില്ലയിലെ മാധോപൂർ സ്വദേശിയായ കേദാർ പ്രസാദിന്റെ മൃതദേഹമാണ് ഭട്നി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫത്തേപൂർ ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പ്രണയബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ കേദാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ തള്ളിയതാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ഛഠ് പൂജ ആഘോഷങ്ങൾക്കായി നാട്ടിലെത്തിയതായിരുന്നു കേദാർ പ്രസാദ്. നവംബർ 14-ന് രാത്രി ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ കേദാർ പിന്നീട് തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി. ഒരു വർഷം മുൻപ് ഈ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടിയുടെ സഹോദരൻ, സംസാരം തുടർന്നാൽ കുത്തിക്കൊല്ലുമെന്ന് കേദാറിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ചൂണ്ടികാണിച്ചു. ഇതേത്തുടർന്ന് പിതാവ് രാമചന്ദ്ര പ്രസാദ് കേദാറിനെ ജോലിക്കായി മറ്റൊരിടത്തേക്ക് അയച്ചിരിക്കുകയായിരുന്നു.നവംബർ 16-ന് കേദാറിനെ കാണാനില്ലെന്ന് കാണിച്ച് ബരിയാർപൂർ പൊലീസിൽ പരാതി നൽകിയപ്പോൾ പ്രണയബന്ധത്തെക്കുറിച്ചും വധഭീഷണിയെക്കുറിച്ചും കുടുംബം അറിയിച്ചിരുന്നു. എന്നാൽ പൊലീസ് നടപടിയെടുത്തില്ലെന്നും, അധികാരപരിധി ചൂണ്ടിക്കാട്ടി ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ പരാതി നൽകാൻ നിർദ്ദേശിക്കുകയാണ് ചെയ്തതെന്നും കുടുംബം പറഞ്ഞു.




