മാലിന്യ സംസ്കരണത്തിൽ വീഴ്ച; ഇരിട്ടിയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് വൻതുക പിഴ

ഇരിട്ടി: മലിനജലം പൊതുയിടത്തേക്ക് ഒഴുക്കിവിട്ടതിനും മാലിന്യം തരംതിരിക്കാതെ കൂട്ടിയിട്ടതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിനും ഇരിട്ടി നഗരസഭ പരിധിയിലെ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതും കർശന നടപടി സ്വീകരിച്ചതും.
പഴശ്ശി ജലസംഭരണിയിലേക്ക് എത്തുന്ന വിധത്തിൽ മലിനജലം ഒഴുക്കിവിട്ടതിന് ഇരിട്ടി ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലുകൾക്ക് 25,000 രൂപ വീതമാണ് പിഴ ചുമത്തിയത്. നിരോധിത ഉൽപ്പന്നങ്ങളായ ആറ് കിലോ വ്യാജ ബയോ ക്യാരി ബാഗുകളും 300 പേപ്പർ കപ്പുകളും പിടിച്ചെടുത്ത സ്റ്റാളിന് 10,000 രൂപയും, അംഗീകാരമില്ലാത്ത ഇൻസിനറേറ്റർ സ്ഥാപിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിന് എം.ടി.എച്ച് ഹോട്ടലിന് 5,000 രൂപയും പിഴയിട്ടു. കൂടാതെ, മാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിന് കെ.കെ. ടൂറിസ്റ്റ് ഹോം ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് ഇരിട്ടി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയ് കുമാർ, പി.എസ്. പ്രവീൺ, ഡിഗിൽ സി.കെ, ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിൻസ്, മനോജ് എന്നിവർ പങ്കെടുത്തു.



