വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ഗുരുതര പരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ

തൃശൂർ: തൃശൂർ വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ മർദ്ദനത്തിനിരയായാണ് സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ക്രൂരമായ മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു മൃതദേഹം. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.തുടർന്ന് പൊലീസ് നടത്തിയ
അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയായിരുന്നു.
സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.




