അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം: കോൺഗ്രസിൽ ഭിന്നത രൂക്ഷം, പ്രതിഷേധം അപക്വമായെന്ന നിലപാടിലുറച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം. പ്രതിഷേധം അപക്വമായെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്രത്തെ പിണക്കുന്നത് ബുദ്ധി അല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതിഷേധത്തെ പരസ്യമായി പിന്തുണച്ച് കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങള്‍ മന്ത്രി ഒ ജെ ജനീഷ് സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തതിനെ ചൊല്ലിയും വിവാദമുണ്ട്.
അതേസമയം, ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് ബിജെപി. നടപടിയില്ലെങ്കില്‍ സമരം പാര്‍ട്ടിയേറ്റെടുക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരാനും തീരുമാനമുണ്ട്.
അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡിസതീശന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനാവശ്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കരിങ്കൊടി പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിഷേധത്തില്‍ അമിത് ഷായ്ക്കും അമര്‍ഷമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.അതിനിടെ അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ഒ ജെ ജനീഷ് സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി വീഡിയോ നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീഡിയോ നീക്കിയതെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു ഒ ജെ ജനീഷ് ആദ്യം പ്രതികരിച്ചിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തെ പരസ്യമായി പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത് വന്നിരുന്നു.




