Uncategorized
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 1.74 കോടി രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ

മട്ടന്നൂർ (കണ്ണൂർ): നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിലാണ് 1.74 കോടി രൂപ വിലമതിക്കുന്ന 1.27 കിലോ സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷബീറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
അബുദാബിയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷബീർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിലും ജീൻസിലും ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ 366 കേസുകളിലായി ആകെ 332.004 കിലോ സ്വർണ്ണമാണ് വിവിധ ഏജൻസികൾ പിടികൂടിയിട്ടുള്ളത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.



