Uncategorized

തമിഴ്‌നാട് സർക്കാരിന് തിരിച്ചടി; ഖനനം ചെയ്‌തെടുത്ത ധാതുക്കളുടെ നീക്കം തടയുന്നത് ഭരണഘടനാ വിരുദ്ധം; മദ്രാസ് എച്ച് സി

ചെന്നൈ: സാധുവായ ലൈസന്‍സുകളോടെ നിയമപരമായി ഖനനം ചെയ്‌തെടുത്ത ധാതുക്കളുടെ നീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വിധിച്ചു. കല്ലുകള്‍, മെറ്റല്‍ ജെല്ലി (കരിങ്കല്‍ ചല്ലി) തുടങ്ങിയ ചില ധാതുക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 2026 ജൂലൈ 9-ന് കൊണ്ടുവന്ന ‘തമിഴ്നാട് അനധികൃത ഖനനം, ധാതുക്കളുടെ കടത്തല്‍, സംഭരണം എന്നിവ തടയല്‍ ചട്ടങ്ങള്‍, 2011’-ലെ ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.

ഈ ഭേദഗതി പ്രകാരം, കല്ലുകള്‍, എം-സാന്‍ഡ്, മെറ്റല്‍ ജെല്ലി, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ തമിഴ്നാടിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാന്‍ ജിയോളജി ആന്‍ഡ് മൈനിംഗ് ഡയറക്ടര്‍ക്ക് അധികാരം ലഭിച്ചു. ഇതിനെത്തുടര്‍ന്ന്, പുതുച്ചേരിയും കാരയ്ക്കലും ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ മൂന്ന് മാസത്തെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാധുവായ ലൈസന്‍സുകളോടെ ഖനനം ചെയ്ത ധാതുക്കള്‍ അവയുടെ ഉടമസ്ഥരുടേതാണെന്നും, അവ എവിടെ വില്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉടമകള്‍ക്കുണ്ടെന്നും വാദിച്ചുകൊണ്ട് നിര്‍മ്മാണ മേഖലയിലുള്ളവര്‍ ഈ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു. കൂടാതെ, ഈ ഭേദഗതികള്‍ക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്നും അവര്‍ വാദിച്ചു.

ഖനിജ വിഭവങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുന്നത് തടയുന്നതിനും, തമിഴ്നാടിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസന, നഗര വികസന പദ്ധതികള്‍ക്ക് ആവശ്യമായ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, സാധുവായ ലൈസന്‍സുകളോടെ ഖനനം ചെയ്യുന്ന ധാതുക്കളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ധര്‍മ്മാധികാരിയും ജസ്റ്റിസ് ജി അരുള്‍ മുരുകനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബന്ധപ്പെട്ട നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ശേഷമാണ് ലൈസന്‍സുകള്‍ നല്‍കിയതെന്നും, പിന്നീട് ഏര്‍പ്പെടുത്തിയ നിയന്ത്രണം ആ അനുമതിക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ താല്‍ക്കാലിക നിരോധനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ ബെഞ്ച്, ‘റൂള്‍ 3എ’ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അത് റദ്ദാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button