കെ.എൻ.ബാലഗോപാലിനായി പ്രചാരണ വീഡിയോ ഇറക്കി; നാല് പൊലിസുകാർക്ക് ‘പണി കിട്ടി’

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ.ബാലഗോപാലിനായി പ്രചാരണ വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ എസ്.നജീം, എസ്.എൽ.സുജിത്ത്, സിവിൽ പൊലിസ് ഓഫീസർമാരായ എ.എസ്.ശിവേഷ്, വി.ചിന്തു എന്നിവരെയാണ് സ്ഥലംമാറ്റിയത്.കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
ബാലഗോപാലിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തയാറാക്കിയ വീഡിയോയിലാണ് നടപടി നേരിട്ട പൊലിസുകാരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. കൊല്ലം റൂറൽ എസ്പി ഓഫീസിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു പൊലിസുകാരുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൊലിസുകാരുടെ ഈ നടപടിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.




