താനില്ലാതായാൽ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നന്നായി അറിയാമായിരുന്നു -നവാസിന്റെ മക്കൾ

സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ മക്കൾ. അമ്മയായ രഹ്നയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ഉമ്മിച്ചിയെ കാണണമെന്നാവശ്യപ്പെട്ട് ഒരുപാട് പേർ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്ന് അവർ കുറിച്ചു. തങ്ങൾക്കൊപ്പം നിർബന്ധിപ്പിച്ചെടുത്ത ചിത്രമാണ് കുറിപ്പിനൊപ്പം ചേർത്തിരിക്കുന്നതെന്നും രഹ്നയുടേയും നവാസിൻ്റെയും മക്കൾ പറഞ്ഞു.
ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങൾക്ക് വരുന്നുണ്ട്. ഒത്തിരി നിർബന്ധിച്ചെടുത്ത ഫോട്ടോ ആണിത്. വാപ്പിച്ചി ഇല്ലാതായാൽ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ലപോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോൾ എന്തെല്ലാം ചെയ്യണമെന്ന് നല്ലരീതിയിലുള്ള ഗൈഡൻസ് ഞങ്ങൾക്ക് തന്നിട്ടുണ്ട്. ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്ക് പോലെയാണ് തോന്നുന്നത്.
ഞങ്ങൾക്ക് മുന്നിലേക്ക് വരുന്ന ഓരോ ടാസ്കും വാപ്പിച്ചി പറഞ്ഞപോലെ ഞങ്ങൾ അതിനെ നേരിടുന്നു. വാപ്പിച്ചി പോയതിനുശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളു.
ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെതന്നെ scripted ആയിരുന്നു. അതുകൊണ്ട് ആർക്കും ഒരു ഉപദേശം കൊണ്ടുപോലും ഞങ്ങളെ സഹായിക്കേണ്ടിവന്നില്ല. ഗൈഡൻസ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ ഗൈഡൻസ് ഞങ്ങൾക്ക് ഭംഗിയായി ചെയ്‌ത് തീർക്കാൻ പടച്ചവൻ ഞങ്ങളെ നല്ലരീതിയിൽ സഹായിക്കുന്നുമുണ്ട്.
വാപ്പിച്ചിയുടെ കൈകളിൽ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങൾ പോയിട്ടുള്ളത്. വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ ഉമ്മിച്ചിയെ പടച്ചവൻ സഹായിക്കട്ടെ. ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്‌നത്തിൽ പോലും ഞങ്ങൾ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ok ആവാൻ പ്രാർത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികൾക്കും ഞങ്ങളുടെ നന്ദിയുണ്ട്. പ്രാർത്ഥന കൊണ്ട് നിങ്ങൾ ഞങ്ങൾക്കൊരു തണൽ തന്നതിന് ഈശ്വരൻ നിങ്ങൾക്കും ഒരു തണൽ തന്നിട്ടുണ്ടാവും. എല്ലാവർക്കും നന്ദി.
കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനായിരുന്നു കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ വിശ്രമിക്കവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്.
1995-ൽ പുറത്തിറങ്ങിയ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹിറ്റ്ലർ ബ്രദേഴ്സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദാമാമ (1999), തില്ലാന തില്ലാന (2003) തുടങ്ങിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. സിനിമകളിൽ കൂടുതലും ഹാസ്യകഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2025-ൽ ഡിറ്റക്ടീവ് ഉജ്ജ്വലനിൽ വ്യത്യസ്ത ഗെറ്റപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
1974-ൽ വടക്കാഞ്ചേരിയിലാണ് ജനനം.



