ശമ്പളം കുറഞ്ഞാലും വേണ്ടില്ല, ശുദ്ധവായു മതി’; മലിനീകരണം കാരണം വടക്കേ ഇന്ത്യ വിടാൻ അക്കാദമിക് വിദഗ്ധർ; ചർച്ചയായി മുൻ പ്രൊഫസറുടെ കുറിപ്പ്

വടക്കേ ഇന്ത്യയിലെ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ, കുടുംബത്തിന്‍റെ ആരോഗ്യവും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലേക്ക് താമസം മാറാൻ ആലോചിച്ച് അക്കാദമിക് രംഗത്തുള്ളവർ. മുൻ പ്രൊഫസറായ സജ്ജൻ സിങ്‌വി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് പുതിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ സർവകലാശാലകളിൽ ജോലി ചെയ്യുന്ന കുട്ടികളുള്ള അധ്യാപകരും അക്കാദമിക് വിദഗ്ധരും ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദക്ഷിണേന്ത്യയിലെ സർവകലാശാലകളിൽ താരതമ്യേന കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും കുടുംബത്തിന്‍റെ ആരോഗ്യത്തിന് മുൻഗണന നൽകി മാറാൻ ചിലർ തയ്യാറാണെന്നും അദ്ദേഹം എഴുതുന്നു.
മലിനീകരണവും ശൈത്യവും
വടക്കേ ഇന്ത്യയിൽ നിന്ന് മുതിർന്ന പൗരന്മാർ കാലാവസ്ഥാ പ്രശ്നങ്ങൾ ഒഴിവാക്കാൻ നടത്തുന്ന താൽക്കാലിക താമസമാറ്റത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ദീപാവലി സമയത്ത് വടക്കേ ഇന്ത്യയിൽ നിന്ന് മാറിത്താമസിക്കുന്ന ഇവരിൽ പലരും ഹോളിക്ക് ശേഷമാണ് സാധാരണയായി തിരിച്ചെത്താറുള്ളത്. മേഖലയിലെ കടുത്ത ശൈത്യകാലവും ഉയർന്ന മലിനീകരണ തോതുമാണ് ഇതിന് പ്രധാന കാരണം




