പയ്യോളിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; കേസെടുത്ത് പൊലിസ്

കോഴിക്കോട്: പയ്യോളിയിൽ കാറിൽ സഞ്ചിരിച്ചിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനും നേരെയാണ് ആക്രമണമുണ്ടായത്. ഇരുവർക്കും പരിക്കേറ്റു.പയ്യോളി ഓയിൽ മില്ലിന് സമീപമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബന്ധുവിന്റെ മരണവീട് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കി, കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് വിഷ്ണുവിന്റെ ചെവിക്ക് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെ കഴുത്തിൽ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടു. ഇരുവരും വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പയ്യോളി പൊലിസ് കേസെടുത്തു.




