ആചാരങ്ങളിൽ വിട്ടുവീഴ്ചയില്ല; ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് വേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന മേയറുടെ നിർദ്ദേശം പ്രായോഗികമല്ലെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റ് രംഗത്തെത്തി. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ എന്നും, കല്ലുകൾ കൂട്ടി അടുപ്പൊരുക്കി പൊങ്കാലയിടുന്ന പരമ്പരാഗത രീതി തന്നെയാണ് ഇത്തവണയും തുടരുകയെന്നും ഭാരവാഹികൾ അറിയിച്ചു.
ഇരുമ്പ് കമ്പി അടുപ്പുകൾ ഉപയോഗിക്കുന്നത് ഭക്തർക്ക് ഉൾക്കൊള്ളാനാകില്ലെന്ന് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഭക്തരെ നിർബന്ധിക്കാൻ ട്രസ്റ്റിനാകില്ല. പൊങ്കാലയ്ക്ക് ശേഷം ലക്ഷക്കണക്കിന് ഭക്തർ ഇവ ഉപേക്ഷിച്ചു പോകാൻ സാധ്യതയുണ്ടെന്നും, വഴിയരികിൽ കിടന്ന് തുരുമ്പെടുക്കുന്ന കമ്പികൾ ആളുകളുടെ കാലിൽ തട്ടി അപകടങ്ങൾക്കും ചികിത്സയ്ക്കും ഇടയാക്കുമെന്നും ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു.
ഇക്കാര്യത്തിൽ മേയർ ക്ഷേത്രം ഭാരവാഹികളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ക്ഷേത്ര വളപ്പിൽ യാതൊരു കാരണവശാലും ഇരുമ്പ് അടുപ്പുകൾ അനുവദിക്കില്ലെന്നും കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ചടങ്ങുകൾ നടക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അതേസമയം, പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ എന്നൊരു ആശയം മുന്നോട്ടുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് മേയർ വി.വി. രാജേഷ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടത് ക്ഷേത്രം ട്രസ്റ്റും തന്ത്രിയുമാണെന്നും, അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കോർപ്പറേഷന്റെ ഉത്തരവാദിത്തമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




