ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്?; മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. നിങ്ങള്‍ ആരെയാണ് പേടിക്കുന്നതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനോട് ചോദിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, നിങ്ങളുടെ പിന്നില്‍ ആരോ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.
കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന്‍ പാലിച്ചില്ല. ആറു വര്‍ഷമായ കേസില്‍ ഒരു കുറ്റപത്രം മാത്രമാണ് സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ വിമുഖത കാട്ടുന്നത് എന്തിനാണെന്നും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കുറ്റപത്രം നല്‍കാനായി തയാറാക്കി എന്നാണ് എസ്ഐടി അറിയിച്ചത്. എസ്ഐടിയുടെ ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസം നേരിട്ടോയെന്ന് കോടതി ചോദിച്ചു. കുറേ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കുന്നുണ്ട്, അതിനാല്‍ മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.
ഇതിനിടെ എസ്ഐടിക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ നിലപാട് ഗാലറിക്ക് വേണ്ടിയല്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി. ആരാണ് ഗാലറിക്ക് വേണ്ടി നിലപാട് എടുക്കുന്നതെന്ന് കോടതി ചോദിച്ചു. പുല്‍പ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം നല്‍കാനും കേസുകളിലെ അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.




