20 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിച്ചു, റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

കൊച്ചി: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 20 മണിക്കൂർ നീണ്ട റെയ്ഡിനിടെ 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ എസ്ഐടി തലവൻ നൽകുമെന്നും എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു. റെയ്‌ഡ് നടത്തുമ്പോൾ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അല്ലാതെ ജോലി തടസ്സപ്പെടുത്താൻ നോക്കിയിട്ടില്ലെന്നും എസിപി പറഞ്ഞു.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.




