‘HIV സർട്ടിഫിക്കറ്റ്; സ്ത്രീകളെ വീട്ടിലൊതുക്കണമെന്ന് പറയുന്നവരെ ന്യായീകരിക്കാൻ വിഷയം സാമാന്യവൽക്കരിക്കുന്നു’

കൊച്ചി: വിവാഹത്തിന് എച്ച്‌ഐവി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ദീപിക മുഖപ്രസംഗം. എച്ച്‌ഐവി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ എന്താണ് കുഴപ്പമെന്നാണ് ചോദ്യം. മാര്‍ത്തോമാ സഭ വൈദിക ട്രസ്റ്റിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖപ്രസംഗം.
എച്ച്‌ഐവി ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയ ശേഷം മാത്രം വിവാഹം നടത്തണമെന്നായിരുന്നു റവ. ഡോ. കെ തോമസിന്റെ പരാമര്‍ശം. നിലപാട് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും സ്ത്രീകളെ വീട്ടിലൊതുക്കണമെന്ന് പറയുന്നവരെ ന്യായീകരിക്കാന്‍, എയ്ഡ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാന്‍ വരെ മടിയില്ലാത്ത സ്ഥിതിയായെന്നും ദീപിക കുറ്റപ്പെടുത്തുന്നു.
‘എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി ബാധിതരുടെ സ്വകാര്യത തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് ഒളിപ്പിച്ചുവെച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേത് മാത്രമാണ്. പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കില്‍ അതിനോളം കാപട്യം മറ്റൊന്നില്ല. എയ്ഡ്‌സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ച് വിവാഹബന്ധവും കിടപ്പറയുമൊരുക്കാന്‍ സ്വകാര്യതാവാദികളുടെ കുടുംബങ്ങള്‍ തയ്യാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തില്‍ എയ്ഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണം’, മുഖപ്രസംഗത്തിൽ പറയുന്നു.
നേരത്തെ മാര്‍ത്തോമാസഭ കുടുംബസംഗമത്തിലാണ് ഡോ.കെ തോമസിന്റെ പരാമര്‍ശം ഉണ്ടായത്. എച്ച്‌ഐവി ടെസ്റ്റുകള്‍ക്ക് വിധേയമായി മാത്രം മാര്‍ത്തോമാ സഭയിലെ വിവാഹങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പ്രസംഗത്തിനിടെ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നായിരുന്നു കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമര്‍ശിച്ചുള്ള വൈദികന്റെ പ്രസംഗം. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയർന്ന വിമര്‍ശനം.




