ജീവനക്കാര്‍ ഒന്നിനും കൊള്ളാത്ത മടിയന്മാര്’; ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്

ഷിംല: ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ നടന്ന ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (ദിക്ഷ) യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര പൊതു ഫണ്ടിന്റെ വിനിയോഗം, പദ്ധതികളുടെ നടത്തിപ്പ് എന്നിവയില്‍ സംഭവിച്ച വീഴ്ചകള്‍ ഉയർത്തിക്കാട്ടിയാണ് കങ്കണ ഉദ്യോഗസ്ഥരോട് കയർത്തത്.സര്‍ക്കാര്‍ പണം അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തണമെന്നും അത് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവര്‍ വ്യക്തമാക്കി.
‘പൊതുപണത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ തെറ്റായ കൈകളിലേക്ക് പോകുന്നു’ എന്നായിരുന്നു കങ്കണയുടെ ആരോപണം. പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ചകളോ ക്രമക്കേടുകളോ ഉണ്ടായാല്‍ അവ അവഗണിക്കരുതെന്നും ഉദ്യോഗസ്ഥർ കൂടുതല്‍ ശക്തമായ നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും കങ്കണ പറഞ്ഞു.
തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ എന്താണ് മറുപടി പറയുക എന്നും കങ്കണ ഉദ്യോഗസ്ഥരോട് ചോദിച്ചു. ‘ആളുകള്‍ വെറും ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രമാണ് ഇവിടെ വരുന്നത് എന്നാണോ? ഈ കസേരകളില്‍ ഇരിക്കുന്നവര്‍ തികച്ചും മടിയന്മാരും ഒന്നിനും കൊള്ളാത്തവരുമാണെന്നാണോ ഞാന്‍ പറയേണ്ടത്?’, കങ്കണ ഉദ്യോഗസ്ഥരോട് ചോദിച്ചു.11 കോടി രൂപ അനുവദിച്ചിട്ടും ഒരു വികസന പ്രവര്‍ത്തനം പോലും ഇവിടെ നടന്നില്ലെന്നും കങ്കണ ആരോപിച്ചു. കേന്ദ്ര ധനസഹായ ത്തോടെയുള്ള പദ്ധതികള്‍ വെറും കടലാസുകളില്‍ മാത്രം ഒതുങ്ങരുതെന്നും യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ള ഗ്രാമീണരിലേക്ക് അതിന്റെ ആനുകൂല്യങ്ങള്‍ എത്തണമെന്നും അവര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം, പദ്ധതികളുടെ പുരോഗതി, സര്‍ക്കാര്‍ ഫണ്ടിന്റെ വിനിയോഗം എന്നിവ കൃത്യമായി നിരീക്ഷിക്കണമെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.




