Uncategorized

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സ്‌കൂൾ അധികൃതരോട് പ്രതികാരം;സാമ്പാറിൽ ചാണകപ്പൊടി കലർത്തിയ യുവാവ് പിടിയിൽ

ചെന്നെെ: തമിഴ്‌നാട്ടിലെ ഈറോഡില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി യുവാവ് പിടിയൽ. സ്കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിൻ്റെ ഭർത്താവായ അറുമുഖനാണ് പിടിയിലായത്. ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായാണ് ഇയാൾ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയത്.പാചകം മോശമാണെന്ന് ആരോപിച്ചായിരുന്നു അലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിൻ്റെ വിരോധത്തിലാണ് അറുമുഖൻ സ്കൂളിൽ വിദ്യാർത്ഥികൾക്കായി വിളമ്പാൻ തയ്യാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്താൻ തീരുമാനിച്ചത്. എന്നാൽ ഇയാളുടെ പ്ലാൻ അൽപ്പമൊന്ന് പാളി. ചാണകപ്പൊടി വാങ്ങുന്നതിനും അത് ഭക്ഷണത്തിൽ കലർത്തുന്നതിനും സ്കൂളിലെ ഒരു കുട്ടിയെയാണ് ഇയാൾ തെരഞ്ഞെടുത്തത്. ഇതിനായി കുട്ടിക്ക് ഇയാൾ പത്ത് രൂപയും നൽകി. അഞ്ച് രൂപയ്ക്ക് ചാണകപ്പൊടി വാങ്ങിയ കുട്ടി, അഞ്ച് രൂപയ്ക്ക് പലഹാരവും വാങ്ങി. ഇതിന് ശേഷം കുട്ടി ചാണകപ്പൊടിയുമായി പാചകപ്പുരയിൽ എത്തുകയും അവിടെവെച്ചിരുന്ന സാമ്പാറിൽ കലർത്തുകയും ചെയ്തു.

എന്നാൽ കുട്ടി ചാണകപ്പൊടി കലർത്തിയത് അധ്യാപകർക്ക് ഗുണനിലവാരം നോക്കാൻ മാറ്റിവെച്ച ചെറിയ ഭാഗം സാമ്പാറിൽ മാത്രമായിരുന്നു. സാമ്പാറിൻ്റെ രുചി നോക്കിയ അധ്യാപികയ്ക്ക് അസാധാരണത്വം അനുഭവപ്പെട്ടു. മാത്രവുമല്ല സാമ്പാറിൻ്റെ നിറത്തിലും വ്യത്യാസമുണ്ടായിരുന്നു. ഇതോടെ അധ്യാപികയ്ക്ക് സംശയം തോന്നുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണം എട്ടാം ക്ലാസുകാരനിൽ എത്തിനിന്നു. അറുമുഖത്തിൻ്റെ നിർദ്ദേശപ്രകാരമാണ് സാമ്പാറിൽ ചാണകപ്പൊടി കലർത്തിയതെന്ന് കുട്ടി പറഞ്ഞു. ഇതോടെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് അറുമുഖനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button