വെള്ളം കോരുന്നതിനിടെ വീട്ടമ്മ 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീണു, താഴെയിറങ്ങി പിടിച്ച് നിർത്തി ഭർത്താവ്, രക്ഷകരായി പൊലീസും അഗ്നിരക്ഷാ സേനയും

കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് വീടിന് മുന്നിലുള്ള കിണറ്റിൽ വീണത്. ഉച്ചയ്ക്ക് 12ഓടെ വെള്ളം കോരുന്നതിനിടെയാണ് ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. ശാന്ത കിണറ്റിൽ വീണതറിഞ്ഞ ഭർത്താവ് മോഹനൻ ഉടൻ താഴെയിറങ്ങി പിടിച്ച് നിർത്തുകയായിരുന്നു.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് പട്ടിമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എൻഎച്ച് അനീസിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ നെറ്റ് റോപ്പിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു.
ശാന്തയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ രഞ്ജിത്, ബെന്നി മാത്യു, അനിൽകുമാർ, റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത്‌കുമാർ, അഖിൽദേവ്, അഭിജിത്ത്, ഷാനവാസ്, ഹോംഗാർഡ് രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.




