വെള്ളവും അടിസ്ഥാന സൗകര്യവുമില്ല; കാസർഗോഡ് മന്ത്രിയെക്കൊണ്ട് ടേക്ക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് കുമ്പള പഞ്ചായത്ത്

കുമ്പള ടൗണിൽ നിർമ്മിച്ച് തുറന്നു നൽകിയ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൽ വെള്ളമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാതെ പഞ്ചായത്ത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ദിവസങ്ങൾക്ക് മുമ്പ് മന്ത്രിയെ കൊണ്ട് കെട്ടിടം ഉദ്ഘാടനം നടത്തിയത്. കെട്ടിടം വെള്ളിയാഴ്ചയാണ് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം.
ശുചിമുറിയിൽ പോലും വെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കെട്ടിടം നിർമാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുറന്നു നൽകാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് തദ്ദേശ വകുപ്പ് മന്ത്രിയെക്കൊണ്ട് കെട്ടിടം ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. ജനങ്ങളെ കബളിപ്പിക്കാനാണ് കുമ്പള ഗ്രാമപഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന് സിപിഐഎം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ പറഞ്ഞു. കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണമുയർന്നിരുന്നു.സംഭവത്തിൽ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് നടത്തിപ്പിനായി നിലവിൻ ടെൻഡർ വിളിക്കുകയോ ഏതെങ്കിലും ഏജൻസികൾക്കോ വ്യക്തികൾക്കോ കരാർ നൽകുകയോ ചെയ്തിട്ടില്ല. ആയിരക്കണക്കിന് ജനങ്ങൾ ദിവസേന എത്തുന്ന നഗരത്തിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം അടിസ്ഥാന സൗകര്യമൊരുക്കി ഉപയോഗയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭമുയർത്തി കൊണ്ടു വരാനാണ് സിപിഐഎം തീരുമാനം.




