രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികൾ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടൻ കുറയില്ലെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിവരം. പശ്ചിമേഷ്യൻ സംഘർഷകാലത്ത് എണ്ണക്കമ്പനികൾ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാൻ-യുഎസ് സമാധാന കരാറിൽ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. വില കുറയ്ക്കാൻ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിക്കും.ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കിയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറുമെന്നാണ് അറിയിപ്പ്. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകൾക്ക് ആശ്വാസമാകും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.ഇറാൻ-യുഎസ് സമാധാന കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 79.88 ഡോറളിലെത്തിയിരുന്നു. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ 5 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. 82 ഡോളറായിരുന്നു ഒരു ബാരലിന് വില. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്ന് നൽകുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് എണ്ണവിലയിൽ മാറ്റം വന്നത്.




