‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസുമായി ബന്ധമുള്ള സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹ്‌മാന്‍. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുല്‍ റഹ്‌മാന്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണയ്ക്ക് മുന്‍പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സിനിമയുടെ പേരില്‍ തങ്ങളുടെ കുടുംബത്തെ സമൂഹ്യമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നത് വരെ സിനിമ റിലീസ് തടയണമെന്നും അബ്ദുൽ റഹ്മാൻ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തിയെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതിലൂടെ പൊതുവിധിയുടെ മുന്‍വിധിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധമില്ലെന്നാണ് സിനിമയുടെ സംവിധായകന്‍ പ്രസാദ് നൂറനാട് വ്യക്തമാക്കുന്നത്. കേരളത്തില്‍ നടന്ന പല സംഭവങ്ങളെ കൂട്ടിയിണക്കി നിര്‍മിച്ച ചിത്രമാണിതെന്നും പ്രസാദ് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനമടക്കം സിനിമയില്‍ പറഞ്ഞുപോകുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ഫെബ്രുവരി ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നതെന്നും പ്രസാദ് നൂറനാട് പ്രതികരിച്ചു.
2024 ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. സഹോദരനെയും കാമുകിയെയുമുള്‍പ്പെടെ അഞ്ചുപേരെയാണ് അഫാന്‍ എന്ന യുവാവ് കൊലപ്പെടുത്തിയത്. സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിത, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയായിരുന്നു അഫാൻ കൊന്നത്. മാതാവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും അവർ മരിച്ചിരുന്നില്ല. കൊലയ്ക്ക് ശേഷം അഫാൻ തന്നെയാണ് സംഭവം നേരിട്ടെത്തി പൊലീസിനെ അറിയിച്ചത്. എലി വിഷം കഴിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ആര്‍ഭാട ജീവിതം നയിക്കാന്‍ അഫാന്‍ പണം കടം വാങ്ങുന്നതിനെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അഫാന്റെ അമ്മ നടത്തിയിരുന്ന ചിട്ടിയുടെ പണം നല്‍കാത്ത കാര്യത്തിലും വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെയെല്ലാം വൈരാഗ്യം മനസില്‍വെച്ചാണ് അഫാന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അഫാൻ. വിചാരണ തടവിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാനെ ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നു.




