Uncategorized

മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു

താനെ: മഹാരാഷ്ട്രയിൽ വീണ്ടും പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച. ഞായറാഴ്ച സംസ്ഥാനത്തുടനീളമുള്ള 1,028 കേന്ദ്രങ്ങളിലായി നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് കൗൺസിൽ അടിയന്തരമായി മാറ്റിവെച്ചു. പരീക്ഷയ്ക്ക് ഏതാണ്ട് 24 മണിക്കൂർ മുൻപാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. ഭീവണ്ടി പൊലീസിന് ശനിയാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ ചില പേജുകൾ ചില വ്യക്തികളുടെ കൈവശം കണ്ടെത്തിയത്. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥരെത്തി ഇത് ഔദ്യോഗിക ചോദ്യപ്പേപ്പർ തന്നെയെന്ന് സ്ഥിരീകരിക്കുകയും ഭീവണ്ടി പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. താനെ മേഖലയിലാണ് ചോദ്യപ്പേപ്പർ ചോർന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്രയിലുടനീളമുള്ള ഏകദേശം 4.28 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഞായറാഴ്ച ഈ പരീക്ഷ എഴുതാൻ തയ്യാറെടുത്തിരുന്നത്. പരീക്ഷ പെട്ടെന്ന് മാറ്റിവെച്ചത് ലക്ഷക്കണക്കിന് അധ്യാപക ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരീക്ഷയുടെ പുതുക്കിയ തീയതിയും മറ്റ് വിവരങ്ങളും കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കോലാപ്പൂരിലും സമാനമായ രീതിയിൽ ടെറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ചോർച്ചയുണ്ടാകുന്നത്. അതേസമയം, പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാഗ്പൂർ ജില്ലാ പ്രൈമറി എജ്യുക്കേഷൻ ഓഫീസർ നീലേഷ് ഗുണ്ഡ് ഫോണിലൂടെ അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരീക്ഷ റദ്ദാക്കിയതിനെക്കുറിച്ചുള്ള സ്ഥിരീകരിച്ച വിവരങ്ങൾ തന്റെ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപ്പേപ്പർ എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button