സർക്കാർ പാരിയത്ത്കാവിലെ കുടുംബങ്ങൾക്കൊപ്പം, കോടതി വിധി എതിരായാൽ പുനരധിവസിപ്പിക്കും’; മന്ത്രി റോജി എം ജോൺ

കൊച്ചി: മലയിടംതുരുത്ത് പാരിയത്ത്കാവിലെ ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ച പൂര്‍ത്തിയായി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണും കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനും പങ്കെടുത്തു. ഉന്നതിയിലെ കുടുംബങ്ങളെ നാളെ കുടിയൊഴിപ്പിക്കില്ലെന്നും അവര്‍ക്കായി സര്‍ക്കാര്‍ നേരിട്ട് കോടതിയില്‍ ഇടപെടുമെന്നും റോജി എം ജോണ്‍ പറഞ്ഞു. കോടതി വിധി എതിരായാല്‍ സര്‍ക്കാര്‍ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അവരെ പെരുവഴിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിയത്ത്കാവ് കേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ ഇടപെടുന്നതെന്നും ഇതുവരെ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം നീക്കങ്ങളുണ്ടായിട്ടില്ലെന്നും റോജി എം ജോണ്‍ പറഞ്ഞു.
‘അവരോടൊപ്പമുണ്ട് എന്ന കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി ഉണ്ടായിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. കേസിന്‌റെ നടത്തിപ്പില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഹൈക്കോടതിയില്‍ അവതരിപ്പിക്കും. അത് അവര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പാണ്. അറ്റോര്‍ണി ജനറലിന് അതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ കേസില്‍ ഇടപെട്ട് കോടതിയില്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. ഇതുവരെ ഒരു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആ നടപടിയുണ്ടായിട്ടില്ല. ഏതെങ്കിലും തരത്തില്‍ കോടതിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ ഇവരെ പൂര്‍ണമായും പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ഈ കുടുംബങ്ങളെ ഒരുകാരണവശാലും പെരുവഴിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല’- റോജി എം ജോണ്‍ പറഞ്ഞു.




