പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക് ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
ബിജുവിന്റെ നേതൃത്വത്തില്‍ ദീപക്കിനെ ഡി അഡിക്ഷന്‍ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിരുന്നു.
ഇതാണ് വൈരാഗ്യത്തിന് കാരണം. പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ ഫോണ്‍, വാഹനത്തിന്റെ കീ എന്നിവ ദീപക്കിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.
ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിൻഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കിച്ചൺ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം പൊലീസ് തള്ളിയിരുന്നു. അത്തരം ഒരു വിവരം ബിജു പൊലീസിന് നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.




