ചെങ്ങാളായിൽ പശുക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു; പുലിയെന്ന് സംശയം

ചെങ്ങാളായി: ചെങ്ങാളായി ചുഴലി പടിഞ്ഞാറെ മൂലയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. പ്രദേശവാസിയായ എം.ടി. വിനോദന്റെ പശുക്കിടാവിനെയാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ പുലിയാകാമെന്നാണ് വനം വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും സംശയിക്കുന്നത്.
തിങ്കളാഴ്ച രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ പശു തൊഴുത്തിൽ നിന്ന് അല്പം ദൂരെ മാറി നിൽക്കുന്നത് കണ്ടിരുന്നെന്നും, തുടർന്ന് വീണ്ടും കയറിട്ട് തൊഴുത്തിൽ കെട്ടുകയായിരുന്നുവെന്നും വിനോദൻ പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച രാവിലെയോടെയാണ് പശുക്കിടാവിനെ ആക്രമിച്ചു കൊന്നതായി ശ്രദ്ധയിൽ പെട്ടത്. തൊഴുത്തിൽ നിന്ന് ഏകദേശം 50 മീറ്റർ അകലേക്ക് വലിച്ചിഴച്ച നിലയിലായിരുന്നു പശുക്കിടാവ്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ച നാട്ടുകാർ ഇത് പുലിയുടേതാകാം എന്ന സംശയത്തിലാണ്.
സംഭവത്തെ തുടർന്ന് ചെങ്ങാളായി ഗ്രാമപഞ്ചായത്ത് അധികൃതരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.




