Uncategorized

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കോന്നിയിലും ആലപ്പുഴ ചെങ്ങന്നൂരും കോട്ടയം ചെങ്ങനാശ്ശേരിയിലേക്കും ഇടുക്കിയിലെ മൂന്നാറിലും യുവി ഇന്‍ഡക്‌സ് എട്ട് രേഖപ്പെടുത്തി.

ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. കൊല്ലം കൊട്ടരക്കരയിലും എറണാകുളം കളമശ്ശേരിയിലും തൃശ്ശൂര്‍ ഒല്ലൂരിലും പാലക്കാട് തൃത്താലയിലും മലപ്പുറം പൊന്നാനിയിലും വയനാട് മാനന്തവാടിയിലും യുവി ഇന്‍ഡെക്‌സ് ഏഴ് രേഖപ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ യുവി ഇന്‍ഡെക്‌സ് ആറ് രേഖപ്പെടുത്തി.

ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല അവലോകന യോ​ഗം ചേരും. പാലക്കാട് 40 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button