മുംബൈയിലെ റോഡിൽ ബിജെപി മന്ത്രിയോട് ‘ഗെറ്റ് ഔട്ട്’ പറഞ്ഞ യുവതിക്ക് കുരുക്ക്; പത്താം ക്ലാസുകാരി പൊലീസിൽ പരാതി നൽകി

മുംബൈ: മുംബൈയിലെ വർളിയിൽ ബിജെപി പ്രതിഷേധത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനോട് കയർത്ത സ്ത്രീക്കെതിരെ പരാതി. തിക്കിലും തിരക്കിലും പെടുത്തി അപകടം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പരാതിയിലെ ആരോപണം. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാർച്ച് മുംബൈയിലെ പ്രധാന റോഡുകളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായതോടെ കാറിൽ ഇതുവഴി വന്ന യുവതി, മന്ത്രി ഗിരീഷ് മഹാജനോട് കയർത്തത്.
ഗിരീഷ് മഹാജൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഇവിടേക്ക് വന്ന യുവതി “ഇവിടെ നിന്ന് പുറത്തുപോകൂ” (Get Out) എന്ന് ആക്രോശിക്കുകയും പൊലീസുകാരോടടക്കം കയർക്കുകയും ചെയ്തു. ഗതാഗതം തടസപ്പെടുത്താതെ തൊട്ടടുത്ത മൈതാനത്ത് പോയി പ്രതിഷേധിക്കാനാണ് മന്ത്രിയോട് അവർ ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ഇവർക്കെതിരെ മുംബൈയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ സെൻ സദാവർത്തെയാണ് പൊലീസിൽ പരാതി നൽകിയത്. ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത റാലിക്കിടയിലേക്ക് കുതിച്ചെത്തിയ യുവതി മനഃപൂർവം സംഘർഷമുണ്ടാക്കാനും അതുവഴി തിക്കിലും തിരക്കിലും പെടുത്തി അപകടം ഉണ്ടാക്കാനും ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പ്രതിഷേധക്കാർക്കും പോലീസിനും നേരെ യുവതി കുപ്പി എറിഞ്ഞതായും പരാതിയിൽ പറയുന്നു. വാർത്താ ചാനലുകൾ ഉണ്ടായിരുന്നത് കൊണ്ട് പ്രശസ്തിക്ക് വേണ്ടിയാണ് അവർ ഇത്തരത്തിൽ പെരുമാറിയതെന്നും നിയമം കൈയ്യിലെടുക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.
നേരത്തെ ഈ സംഭവത്തോട് പ്രതികരിച്ച മന്ത്രി ഗിരീഷ് മഹാജൻ, യുവതിയുടേത് പെട്ടെന്നുണ്ടായ ദേഷ്യമാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ പോകുന്ന തിരക്കിലായിരുന്നു അവരെന്നും അവരുടെ ദേഷ്യം ഒരു പരിധിവരെ ന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സെൻ സദാവർത്തെ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.




