കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങൾ മറച്ച് എത്തും, ഇടക്കിടെ വേഷം മാറും; പ്രത്യേക രീതികൾ പിന്തുടർന്ന് പൊലീസ് കുടുക്കി

കൽപറ്റ :സംസ്‌ഥാനത്തിനകത്തും പുറത്തും നിരവധി മോഷണ കേസിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പൊലീസ്. 150 ൽ ഏറെ മോഷണ കേസുകളിലെ പ്രതിയായ കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ.യു. മുഹമ്മദ്(46), അൻപതോളം കേസുകളിൽ പ്രതിയായ പുൽപ്പള്ളി പാടിച്ചിറ കട്ടിത്താനത്ത് വീട്ടിൽ കെ.ടി. ജോസ് എന്ന കമ്പളക്കാട് ജോസ്(72) എന്നിവരെയാണ് കൃത്യമായ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി അരുൺ കെ. പവിത്രന്റെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.
മുഹമ്മദിനെ ആലക്കോട്, പൂവഞ്ചാലിൽ വച്ചും ജോസിനെ മാനന്തവാടി ബോയ്‌സ് ടൗണിൽ നിന്നുമാണ് പിന്തുടർന്ന് പിടികൂടിയത്. അടുത്തിടെ വയനാട് ജില്ലയിലെ മുട്ടിൽ, മടക്കിമല, പുൽപ്പള്ളി, മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും, തമിഴ്‌നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലും നടന്ന 19 ൽ ഏറെ മോഷണങ്ങൾ നടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഏപ്രിൽ 23, 24 തീയതികൾക്ക് ഇടയിൽ കൽപറ്റ ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്ന് ഒൻപതു പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇവരെ കൽപറ്റ പൊലീസ് അറസ്‌റ്റ് ചെയ്തത്. വീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയം അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയുടെ ലോക്ക് തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
സംഭവം നടന്ന വിവരം അറിഞ്ഞയുടൻ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്‌ഥലം പരിശോധിക്കുകയും ചെയ്തു. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും സ്വർണ വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും സമാന കുറ്റവാളികളെ നിരീക്ഷിച്ചും പരിശോധന ശക്തമാക്കി. ഒടുവിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവർ വലയിലാകുന്നത്.
ഗ്രാമത്തുവയലിലെ വീട്ടിലെ മോഷണ ശേഷം മറ്റു രണ്ട് വീടുകളിലും ആഭരണങ്ങളും പണവും മുഹമ്മദ് കവർന്നിട്ടുണ്ട്. ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങൾ നൽകിയിരുന്നത് ജോസാണ്. ഒരു കാറിൽ യാത്ര ചെയ്യുന്നതിടെ ആണ് മുഹമ്മദിനെ പിടികൂടിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് പണവും ആഭരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു.
പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൽപറ്റ ഇൻസ്പെക്ടർ എസ്എച്ച് ടി.പി. ദിനേശിൻ്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രനായിരുന്നു അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്‌ടർ എൻ. ഹരീഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ, ഷാലു ഫ്രാൻസിസ്, എം.എ. അനസ്, എ. അനീസ്, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് സക്കറിയ, എ.ഡി ഡിജേഷ്, അഷ്റഫ്, രജീഷ്, അജിത്, ശ്രീജേഷ്, ജെറിൻ, അനീഷ് എന്നിവരാണുണ്ടായിരുന്നത്.
കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങൾ മറച്ച് മുഹമ്മദിൻ്റെ മോഷണ തന്ത്രം വയനാട്, നീലഗിരി ജില്ലകളിലെ ജനങ്ങളെ ആശങ്കയിലും ഭീതിയിലുമാഴ്ത്തിയ കുപ്രസിദ്ധ കള്ളനെയാണ് വിശ്രമമില്ലാത്ത രാപ്പകൽ നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ക്രൈം സ്ക്വാഡ് കുരുക്കിയത്. ആളില്ലാത്ത വീടുകൾ കണ്ടെത്തി കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും മറച്ച് ഇടക്കിടെ വേഷം മാറി ക്യാമറകളിൽ കുടുങ്ങാതെയുള്ള മോഷണ രീതികളായിരുന്നു മുഹമ്മദ് അവലംബിച്ചിരുന്നത്. മുഹമ്മദിനെ പിടികൂടാൻ അന്വേഷണ സംഘവും പ്രത്യേക രീതികൾ പിന്തുടർന്നു. വേഷം മാറിയും ഉറക്കമൊഴിച്ചും പല പല സ്ഥലങ്ങളിൽ ക്രൈം സ്ക്വാഡ് ശക്‌തമായ നിരീക്ഷണങ്ങൾ നടത്തി. മോഷ്‌ടാവ് വന്നെത്താൻ സാധ്യതയുള്ള ജില്ലയിലെ വിവിധ ആഘോഷ പരിപാടികളിൽ മോഷ്ടാവിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്നതിനുള്ള പരിശോധന നടത്തി. കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതികൾ വലയിലാകുകയായിരുന്നു.




