നെട്ടയം സംഘര്‍ഷം: ആറ് ബിജെപി പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെട്ടയം സംഘര്‍ഷത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപഴിഞ്ഞി സുബ്രഹ്‌മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെയും പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
കഴിഞ്ഞ ദിവസം ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കല്ലേറില്‍ പൊലീസിന് പരിക്കേറ്റിരുന്നു. വ്യക്തിപരമായ വിഷയമായിരുന്നുവെന്നും ബിജെപി അതേറ്റെടുത്ത് രാഷ്ട്രീയവത്കരിക്കുകയായിരുന്നു എന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
എന്നാല്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയോട് സിപിഐഎം പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്നും പൊലീസ് ഏകപക്ഷീയമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. വസ്തു തര്‍ക്കമല്ല, രാഷ്ട്രീയ വിഷയമാണെന്നും തങ്ങളുടെ നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.
വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായി. വനിതാമാധ്യമ പ്രവര്‍ത്തകയെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായിരുന്നു.




